Tag Archives: ചലച്ചിത്രം

തിരക്കഥ – നിരൂപണം – ചര്‍ച്ച

തിരക്കഥ ഒരു മഹത്തായ സിനിമയണെന്നെനിക്കഭിപ്രായമില്ല (ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല). തിരക്കഥയുടെ തിരക്കഥ ഉഗ്രനാണെന്ന് ഞാന്‍ പറയും. അതില്‍ അജയചന്ദ്രന്റെ കഥാപാത്രം നമ്മുടെയൊക്കെ ഹൃദയത്തോട് തൊട്ടുനില്‍ക്കേണ്ടതാണ്. ശൂന്യതയില്‍ നിന്നും വന്ന് സ്വന്തം കഴിവില്‍ ആത്മവിശ്വാസമുണ്ടായിട്ടും അര്‍ഹതയുള്ളത് നേടാനാവാതെ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്റെ ദൈന്യത. പക്ഷെ അതവതരിപ്പിച്ച അനൂപ് മേനോന് അത് പ്രേക്ഷകരിലേക്ക് സംവദിപ്പിക്കുവാനായില്ല. ഇത് കാസ്റ്റിങ്ങിലെ ചില കീഴ്‌വഴക്കങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത് അയാളേക്കാള്‍ താരമൂല്യം കുറഞ്ഞ ആളാവണം എന്ന ചില നിര്‍ബന്ധങ്ങള്‍, എന്നുമോര്‍ക്കാവുന്ന ഒരു കഥാപാത്രത്തെ മലയാള സിനിമയ്ക്കു തരുന്നതിന് വിഘാതമുണ്ടാക്കി. രഞ്ജിത്ത് തിരക്കഥാകൃത്തിന്റെയും അഭിനേതാവിന്റെയും വേഷങ്ങളില്‍ വിജയിച്ചപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ല.

പ്രിയാമണിക്ക് ഒരുപക്ഷെ പരുത്തിവീരന് ശേഷം ഇത്രയും വ്യക്തിത്വമുള്ളൊരു കഥാപാത്രം കിട്ടിയിട്ടുണ്ടാകില്ല. ചെറുപ്പക്കാരിയായ മാളവികയില്‍ നിന്നും രോഗിണിയായ മാളവികയിലേക്ക് വളരെ സുഗമമായിത്തന്നെ പ്രിയാമണിക്ക് മാറുവാന്‍ കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജിന്റെ മുന്‍സിനിമകളെ അപേക്ഷിച്ച് അഭിനയത്തിലെ പക്വത വളരെ പ്രകടമാണ്. അവസാന രംഗങ്ങളൊഴിച്ചു നിര്‍ത്തിക്കഴിഞ്ഞാല്‍ അതിഭാവുകത്വവുമില്ലാതെ കഥ പറഞ്ഞ ഒരു സമകാലീന സിനിമ എന്ന് നമ്മുക്കിതിനെ നിസ്സംശയം പറയാം.

രഞ്ജിത്തിന്റെ തന്നെ മുന്‍കാലസിനിമകളില്‍ കണ്ടുവന്നിരുന്ന ഹൈന്ദവബിംബങ്ങളുടെ ധാരാളിത്തത്തെയും, സവര്‍ണ്ണതയെ അനാവശ്യമായി കുത്തിനിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും തള്ളിപ്പറയുന്നുണ്ട് ഈ സിനിമയില്‍. കഥാസന്ദര്‍ഭത്തിനുയോജ്യമല്ലാത്ത പാട്ടുകളോ സംഘട്ടനരംഗങ്ങളോ ഇല്ലാത്ത, സാധാരണ ഇന്ത്യൻ സിനിമകളില്‍ കണ്ടുവരുന്ന മസാലക്കൂട്ടുകളില്ലാത്ത ചിത്രം വാര്‍ത്തെടുത്തതില്‍ രഞ്ജിത്തിനെ അഭിനന്ദിച്ചേ മതിയാകൂ. പിന്നെ എല്ലാ മുഖ്യധാരാ മലയാള സിനിമകളെയും പോലെ കഥ പറയുവാന്‍ സംഭാഷണത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നൊരു ഗതികേട് ഈ സിനിമയും തുടരുന്നു.

മലയാളസിനിമയുടെ ശാപമായ സൂപ്പര്‍താര ഇമേജുകളെയും അവരുടെ ആരാധകവൃന്ദങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രത്തില്‍. മരണം കാത്തുകിടക്കുന്ന തന്റെ പ്രിയതമയെ ഒരു നോക്ക് കാണുവാന്‍ വന്ന സൂപ്പര്‍താരത്തിനെ ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന്റെ സ്വകാര്യതെയോ വികാരത്തെയോ മാനിക്കാതെ കടന്നുകയറുന്ന ആരാധകവൃന്ദം പ്രേക്ഷകരില്‍ പുച്ഛവും, ചിലരില്‍ കുറ്റബോധവുമുണര്‍ത്തുന്നു.

ഒരു മഹത്തായ സിനിമാനുഭവമായ് മാറ്റാമായിരുന്ന തിരക്കഥയുണ്ടായിട്ടും ബോക്സോഫീസ് വിജയത്തിന്റെ സമ്മർദ്ദവും പ്രതിഭയുടെ അഭാവവും കാരണം അതിൽ പരാജയപ്പെടുന്നത് ഇന്നത്തെ മലയാള സിനിമയുടെ ദുഖമുണർത്തുന്ന സത്യമാണ്.

2 Comments

Filed under നിരൂപണം, സംവാദം