തിരക്കഥ – നിരൂപണം – ചര്‍ച്ച

തിരക്കഥ ഒരു മഹത്തായ സിനിമയണെന്നെനിക്കഭിപ്രായമില്ല (ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല). തിരക്കഥയുടെ തിരക്കഥ ഉഗ്രനാണെന്ന് ഞാന്‍ പറയും. അതില്‍ അജയചന്ദ്രന്റെ കഥാപാത്രം നമ്മുടെയൊക്കെ ഹൃദയത്തോട് തൊട്ടുനില്‍ക്കേണ്ടതാണ്. ശൂന്യതയില്‍ നിന്നും വന്ന് സ്വന്തം കഴിവില്‍ ആത്മവിശ്വാസമുണ്ടായിട്ടും അര്‍ഹതയുള്ളത് നേടാനാവാതെ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്റെ ദൈന്യത. പക്ഷെ അതവതരിപ്പിച്ച അനൂപ് മേനോന് അത് പ്രേക്ഷകരിലേക്ക് സംവദിപ്പിക്കുവാനായില്ല. ഇത് കാസ്റ്റിങ്ങിലെ ചില കീഴ്‌വഴക്കങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത് അയാളേക്കാള്‍ താരമൂല്യം കുറഞ്ഞ ആളാവണം എന്ന ചില നിര്‍ബന്ധങ്ങള്‍, എന്നുമോര്‍ക്കാവുന്ന ഒരു കഥാപാത്രത്തെ മലയാള സിനിമയ്ക്കു തരുന്നതിന് വിഘാതമുണ്ടാക്കി. രഞ്ജിത്ത് തിരക്കഥാകൃത്തിന്റെയും അഭിനേതാവിന്റെയും വേഷങ്ങളില്‍ വിജയിച്ചപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ല.

പ്രിയാമണിക്ക് ഒരുപക്ഷെ പരുത്തിവീരന് ശേഷം ഇത്രയും വ്യക്തിത്വമുള്ളൊരു കഥാപാത്രം കിട്ടിയിട്ടുണ്ടാകില്ല. ചെറുപ്പക്കാരിയായ മാളവികയില്‍ നിന്നും രോഗിണിയായ മാളവികയിലേക്ക് വളരെ സുഗമമായിത്തന്നെ പ്രിയാമണിക്ക് മാറുവാന്‍ കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജിന്റെ മുന്‍സിനിമകളെ അപേക്ഷിച്ച് അഭിനയത്തിലെ പക്വത വളരെ പ്രകടമാണ്. അവസാന രംഗങ്ങളൊഴിച്ചു നിര്‍ത്തിക്കഴിഞ്ഞാല്‍ അതിഭാവുകത്വവുമില്ലാതെ കഥ പറഞ്ഞ ഒരു സമകാലീന സിനിമ എന്ന് നമ്മുക്കിതിനെ നിസ്സംശയം പറയാം.

രഞ്ജിത്തിന്റെ തന്നെ മുന്‍കാലസിനിമകളില്‍ കണ്ടുവന്നിരുന്ന ഹൈന്ദവബിംബങ്ങളുടെ ധാരാളിത്തത്തെയും, സവര്‍ണ്ണതയെ അനാവശ്യമായി കുത്തിനിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും തള്ളിപ്പറയുന്നുണ്ട് ഈ സിനിമയില്‍. കഥാസന്ദര്‍ഭത്തിനുയോജ്യമല്ലാത്ത പാട്ടുകളോ സംഘട്ടനരംഗങ്ങളോ ഇല്ലാത്ത, സാധാരണ ഇന്ത്യൻ സിനിമകളില്‍ കണ്ടുവരുന്ന മസാലക്കൂട്ടുകളില്ലാത്ത ചിത്രം വാര്‍ത്തെടുത്തതില്‍ രഞ്ജിത്തിനെ അഭിനന്ദിച്ചേ മതിയാകൂ. പിന്നെ എല്ലാ മുഖ്യധാരാ മലയാള സിനിമകളെയും പോലെ കഥ പറയുവാന്‍ സംഭാഷണത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നൊരു ഗതികേട് ഈ സിനിമയും തുടരുന്നു.

മലയാളസിനിമയുടെ ശാപമായ സൂപ്പര്‍താര ഇമേജുകളെയും അവരുടെ ആരാധകവൃന്ദങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രത്തില്‍. മരണം കാത്തുകിടക്കുന്ന തന്റെ പ്രിയതമയെ ഒരു നോക്ക് കാണുവാന്‍ വന്ന സൂപ്പര്‍താരത്തിനെ ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന്റെ സ്വകാര്യതെയോ വികാരത്തെയോ മാനിക്കാതെ കടന്നുകയറുന്ന ആരാധകവൃന്ദം പ്രേക്ഷകരില്‍ പുച്ഛവും, ചിലരില്‍ കുറ്റബോധവുമുണര്‍ത്തുന്നു.

ഒരു മഹത്തായ സിനിമാനുഭവമായ് മാറ്റാമായിരുന്ന തിരക്കഥയുണ്ടായിട്ടും ബോക്സോഫീസ് വിജയത്തിന്റെ സമ്മർദ്ദവും പ്രതിഭയുടെ അഭാവവും കാരണം അതിൽ പരാജയപ്പെടുന്നത് ഇന്നത്തെ മലയാള സിനിമയുടെ ദുഖമുണർത്തുന്ന സത്യമാണ്.

2 Comments

Filed under നിരൂപണം, സംവാദം

One Night @ the Police Station

2003 ഫെബ്രുവരി 18, കോളെജില്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ ഇന്നാണ്. രാവിലെ കുളിച്ച് കുട്ടപ്പനായി, അതിസുന്ദരനായി (ജന്മനാ സുന്ദരനാണ്, പിന്നെ അതിനെക്കാള്‍ സുന്ദരനായി എന്നാണ് ഉദ്ദേശിച്ചത്) കോളെജില്‍ പോകുവാന്‍ തയ്യറായി. ഇങ്ങനെത്തെ ആഘോഷ ദിവസങ്ങളില്‍ സാധാരണ ആദ്യത്തെ അവര്‍ മാത്രമേ കാണുകയുള്ളൂ. തരുണീ മണികളെല്ലാം സാരിയുടുത്താണ് വന്നിരിക്കുന്നത്. ചില പുരുഷ കേസരികള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനെന്ന നിലയില്‍ (എന്ന വ്യാജേന) മുണ്ടുമുടുത്തു വന്നിരിക്കുന്നു. ജീവിതത്തില്‍ ഇന്നേ വരെ മുണ്ടുടുക്കാത്ത (തെറ്റിധരിക്കല്ലേ) എനിക്കുമൊരാഗ്രഹം മുണ്ടുടുക്കുവാന്‍. എന്നാലും, ഇനി വീട്ടിലൊക്കെ പോയി മുണ്ടുടുത്ത് തിരിച്ചു വരുന്നത് എങ്ങനെ എന്നോര്‍ത്ത് ആ ആഗ്രഹത്തെ കുഴിച്ച് മൂടുവനായിട്ട് കുഴിയെടുത്തു കൊണ്ടിരിക്കെയാണ് ടോപ്പി വന്നത്. യഥാര്‍ത്ഥ പേരു് മറ്റൊന്നാണെങ്കിലും, സ്കൂളില്‍ പഠിച്ച കാലം മുതല്‍ ഈ പേരിലാണ് പുള്ളി അറിയപ്പെട്ടിരുന്നത്. എന്തിനേറെ അവനെ അദ്ധ്യാപകര്‍ പോലും ഈ പേരിലാണ് വിളിക്കുന്നത്. അവനിപ്പോള്‍ വീട്ടില്‍ പോവുകയാണെന്നും, വേണമെങ്കില്‍ അവന്റെ വീട്ടില്‍ നിന്ന് മുണ്ടുമുടുത്ത് തിരികെ വരാമെന്നും പറഞ്ഞപ്പോള്‍, പെട്ടെന്ന് കുഴി തോണ്ടി ആഗ്രഹത്തെ പുറത്തെടുത്ത്, ബൈക്കില്‍ കയറി അവന്റെ വീട്ടിലേക്ക് യാത്രയായി.

ജീവിതത്തില്‍ ആദ്യമായാണ് മുണ്ടുടുക്കുന്നത്. ഒരു വിശ്വാസത്തിന് ബെല്‍ട്ടും കൂടിയിട്ടു, എന്തിനാ നമ്മളായിട്ടൊരു സീനുണ്ടാക്കുന്നത്. കയ്യിലുണ്ടായിരുന്ന ബാഗവിടെ വെച്ചു, വൈകിട്ട് വരുമ്പോള്‍ എടുത്താല്‍ മതിയല്ലോ (NOTE THE POINT). നേരെ കോളെജിലേക്ക് വിട്ടൂ, അതി ഗംഭീരമായി ധീര വനിതകള്‍ക്ക് ഞങ്ങളങ്ങനെ ആവേശം പകര്‍ന്നുകൊണ്ടിരുന്നു. വൈകുന്നേരം സ്ത്രീകളുടെ വക കലാ പരിപാടികള്‍. ഇത്രയും കാര്യമായിട്ടു നമ്മളോട് പെരുമാറുന്ന സ്ഥിതിക്ക് അതൊക്കെ കഴിഞ്ഞല്ലേ പോകുവാന്‍ പറ്റൂ. അതുകൊണ്ട് മുണ്ട് പിന്നെയെത്തിക്കാം എന്ന് പറഞ്ഞ് ടോപ്പിയെ ഞാന്‍ വൈകിട്ട് തന്നെ യാത്രയാക്കി.

അങ്ങനെ പരിപാടിയെല്ലാം വിജയകരമായി നടത്തി, എല്ലാവരെയൂം പറഞ്ഞു വിട്ടു കഴിഞ്ഞപ്പോള്‍ സമയം 12.30 ആയി. ഇനിയിപ്പോ ബസ്സൊക്കെ കിട്ടുവാന്‍ പാടാണ്. രണ്ട് മാസം മുമ്പ് നടന്ന ആര്‍ട്സ് ഫെസ്ടിവല്‍ സമയത്ത് എല്ലാം കഴിഞ്ഞ് രാത്രി മൂന്ന് മണിക്ക് ഒറ്റയ്ക്ക് തിരികെ പോയതിന്റെ ഒരു ആത്മവിശ്വാസം cum അഹംഭാവവും ഇല്ലാതില്ല. ഭാഗ്യത്തിന് ഇത്തവണ എന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. മാത്രവുമല്ല, കരിക്കോട് (എന്റെ കോളെജ് നില്‍ക്കുന്ന സ്ഥലം) മുതല്‍ ചിന്നക്കട (കൊല്ലം നഗര ഹൃദയം) വരെ മറ്റൊരു സുഹൃത്തിന്റെ കാറില്‍ ലിഫ്ടും കിട്ടി.

ഞങ്ങള്‍ മൂവരും ചിന്നക്കട റൌണ്ട്സിന്റെ അവിടെ നില്‍ക്കുകയാണ്. ഒന്ന് രണ്ട് സൂപ്പര്‍ ഫാസ്റ്റുകള്‍ അതു വഴി കടന്ന് പോയെങ്കിലും ഒന്നും നിര്‍ത്തിയില്ല. കൂട്ടത്തില്‍ എക്സ്പീരിയന്‍സ് കൂടിയ ഞാന്‍ എന്റെ സുഹൃത്തുക്കളെ ആശ്വസിപ്പിച്ചു, “ഡെയ് അതൊക്കെ അങ്ങനെയാ, ഒന്നു രണ്ടെണ്ണം പോകും, ധൈര്യമായിട്ട് നിക്കെഡേ“.

കുറേ നേരം നിന്നിട്ടും ബസ്സുകള്‍ മൈന്‍ഡ് ചെയ്യാതിരുന്നപ്പോ ഒരു സുഹൃത്ത് പറഞ്ഞു, “നമ്മുക്ക് റെയ്‌ല്‍വേ സ്റ്റേഷന്റെ അടുത്ത് പോകാം. അവിടെയാകുമ്പോള്‍ കെ. എസ്. ആര്‍. ടി. സി. ബസ്സ് സ്റ്റോപ്പുമുണ്ട്, മാത്രവുമല്ല റെയ്‌ല്‍വേ സ്റ്റേഷനിലെ ബൂത്തില്‍ കയറി വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയുമാകാം.”

അങ്ങനെ അവന്റെ (ഒടുക്കത്തെ) ഉപദേശ പ്രകാരം, ഞങ്ങള്‍ റെയ്‌ല്‍വേ സ്റ്റേഷനിലേക്ക് നടന്നു.

ബുദ്ധിമാനായ അവന്‍ വീട്ടിലേക്ക് വിളിച്ചു അവന്റെ അച്ഛനെ വിളിച്ചു വരുത്തി ‘നേരത്തിനും കാലത്തിനും‘ വീട്ടിലെത്തി. ഇപ്പോള്‍ ബസ്സ് കിട്ടി വീട്ടിലെത്തും എന്ന അമിതമായ ആത്മവിശ്വാസം ഉള്ളിലിങ്ങനെ നുരഞ്ഞു പൊങ്ങി ഓളം വെട്ടിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ വീട്ടിലേക്ക് വിളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതേയില്ല. എന്റെ കൂടെയുണ്ടായിരുന്ന മറ്റേ സുഹൃത്തും എന്തുകൊണ്ടോ വീട്ടില്‍ വിളിച്ചില്ല. സ്വന്തമായി ബൈക്കുള്ള അവന്‍, ബൈക്കിന്റെ ഹെഡ്‌ലൈറ്റ് കേടായത് കാരണം അന്ന് ബൈക്ക് എടുത്തില്ല.

അന്ന്, കൊല്ലം റെയ്‌ല്‍വേ സ്റ്റേഷന്റെ മതില്‍ വളരെ ചെറുതായിരുന്നു (മതിലുകള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു വൃത്തികെട്ട കൊച്ചുമതില്‍). അതിന്മേലിരുന്നാല്‍ എന്റെ വരെ കാല് നിലത്ത് മുട്ടുമായിരുന്നു. അവിടെ ബസ്സ് കാത്തു നിന്ന് മടുത്തപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പയ്യെ മതിലിന്റെ മുകളില്‍ കയറിയിരുന്ന് ലോകസമധാനത്തെ പറ്റിയും അഫ്ഘാന്‍ യുദ്ധത്തെ പറ്റിയുമൊക്കെ കൂലംകഷമായി ചര്‍ച്ചകള്‍ നടത്തുവാന്‍ തുടങ്ങി.

അങ്ങനെ അന്തിമമായ ഒരു സൊല്യൂഷന്‍ എത്താറായപ്പൊഴേക്കും മുന്നില്‍ നിന്നും ഒരു വണ്ടി വരുന്നതു കണ്ടൂ. നീലയൂം ചുവപ്പും ലൈറ്റുകളൊക്കെ കത്തിച്ചു കൊണ്ട്.

ഓ, പോലീസുകാര്‍ റൌണ്ട്സിനിറങ്ങിയതാ, നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. നീ പേടിക്കാതിരി. നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് ഞാന്‍ സുഹൃത്തിനെ ആശ്വസിപ്പിച്ചു.

പെട്ടെന്ന്, വലത്തേക്ക് വളഞ്ഞു പോകേണ്ടേ വണ്ടി, വളയ്ക്കാതെ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു. “എന്താ കുട്ട്യോളേ, ബസ്സൊന്നും കിട്ടിയില്ലേ, ഒരു ലിഫ്റ്റ് വേണോടാ മക്കളേ” എന്ന് കുശലം ചോദിക്കാനായിരിക്കൂം പോലീസ്സുകാര്‍ വരുന്നത് എന്നെന്റെ ‘നിഷ്കളങ്കമായ‘ മനസ്സ് എന്നെ ആശ്വസിപ്പിച്ചു. ആ ആശ്വാസം അധികം നീണ്ടൂ നിന്നില്ല.

ഭ എന്തുവാടാ പന്ന ‘പീ…പീ….പീ……പീ…..പീഇവിടെ, നിനക്കൊന്നും വീട്ടില്‍ പോകാന്‍ സമയമായില്ലേടാപീ…പീ…..പീ…..പീ‘ മകനേ..” എന്ന് വളരെ വാല്‍സല്യത്തോടെ പറഞ്ഞുകൊണ്ട് എസ് ഐ എന്റെ സുഹൃത്തിന്റെ കോളറില്‍ കയറിപ്പിടിച്ചു.

അനീതി എപ്പോ കണ്ടാലും എന്റെയുള്ളിലെ യുവതുര്‍ക്കി അപ്പോഴുണരും. പണ്ടു തൊട്ടേയുള്ള ശീലമാ.

സാറിനറിയുമോ… ഞങ്ങളിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ദാ ഇപ്പോള്‍ അര മണിക്കൂറോളമായി. ഇതു വരെ ഒറ്റ ബസ്സ് പോലും നിര്‍ത്തിയില്ല. പിന്നെ പൊലിസ് – to serve and to protect, എന്നാണ് സാര്‍ ഞാന്‍ ചെറുപ്പം മുതലേ കേട്ടിട്ടുള്ളത്. നിങ്ങളെ പോലുള്ള ആഭാസന്മാരായ പോലീസുകാരാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശാപം. പോലിസുകാരാണെന്ന് കരുതി എന്തതിക്രമവും കാണിക്കാമെന്നായൊ….അവന്റെ കോളറില്‍ നിന്നും കയ്യെടുക്കണം mr. officer” ….. എന്നൊക്കെ പറയുവാന്‍ എനിക്കാഗ്രഹുമുണ്ടായിരുന്നെങ്കിലും ശ്വാസം നേരെ കഴിക്കാന്‍ പറ്റാത്തതിനാലും, വല്ലാതെ വിക്കുന്നുണ്ടായിരുന്നതിനാലൂം, കരച്ചിലൊക്കെ ഇങ്ങനെ തികട്ടി തികട്ടി വന്നതിനാലും “ഗ്‌റ് ബ്ല്ഗ്..ഗ്‌റ് ബ്ല്ഗ്..ഗ്‌റ് ബ്ല്ഗ്” എന്നൊരു വൃത്തികെട്ട ശബ്ദമല്ലാതെ മറ്റൊന്നും പുറത്തു വന്നില്ല.

സാര്‍, ഞങ്ങള്‍ ടി കെ എം കോളെജിലെ വിദ്യാര്‍ത്ഥികളാണ്, ഇന്ന് വിമന്‍സ് ഡേ ആയിരുന്നു……………….” സുഹൃത്ത് പറഞ്ഞു.

എടുക്കെടാ നിന്റെ ഐ ഡി കാര്‍ഡ്“, എസ് ഐ

Ooooh maaaa gaaaaawwwd!!! എന്റെ ഐ ഡി കാര്‍ഡ്, ടോപ്പിയുടെ വീട്ടില്‍, എന്റെ ബാഗിനുള്ളില്‍ സുഖനിദ്രയിലാണ് എന്ന കാര്യം ഒരു ഞെട്ടലോടെ ഞാനോര്‍ത്തു.

സാറെ ഐ ഡി കാര്‍ഡ് എടുക്കുവാന്‍ മറന്നു പോയി……….

കേറെഡാ ജീപ്പില്‍” ….. പണ്ട് ബാലരമയില്‍ വിക്രമനെയും മുത്തുവിനെയുമൊക്കെ ഈ ഡയലോഗ് പറഞ്ഞാണ് ജീപ്പില്‍ കയറ്റിക്കൊണ്ടിരുന്നത്. ഇപ്പോളത് നേരിട്ട് ഉപയോഗിച്ചു കാണുവാനുള്ള ഭാഗ്യവും ഉണ്ടായി.

പോലിസ് മാമന്‍ എന്നെയും സുഹൃത്തിനെയും കോളറില്‍ പിടിച്ച് ജീപ്പിന്റെ പുറകിലേക്ക് തള്ളി. ജീപ്പിന്റെ പുറകില്‍ ഇരുന്നിരുന്ന കോണ്‍സ്റ്റബിള്‍ ചേട്ടന്‍മാരുടെ കയ്യില്‍ നിന്നും കിട്ടി കുറെയേറെ വിലപ്പെട്ട മലയാള ഭാഷാ പാഠങ്ങള്‍.

ഇതൊക്കെ ഇവന്മാരുടെ സ്ഥിരം നമ്പറല്ലേ…ചുമ്മാ പേടിപ്പിച്ചിട്ട് ഇപ്പോള്‍ വിടില്ലേ” എന്നാണ് എന്റെ നിഷ്കളങ്കമായ മനസ്സ് എന്നോട് അരുളിയത്.

അങ്ങനെ തൊട്ടടുത്ത് തന്നെ, ഏകദേശം ഇരുന്നൂറു മീറ്റര്‍ മാറിയുള്ള കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി. “ഇറങ്ങെടാ” എന്ന് പറഞ്ഞ് ഞങ്ങളെ സ്റ്റേഷനിലേക്ക് ആനയിച്ചു. അത്യുല്‍സാഹത്തോടെ എന്റെ സുഹൃത്ത് എനിക്ക് മുന്നെ സ്റ്റേഷനിലേക്ക് നടന്നു കയറി.

ഭ പന്ന ‘പീ…പീ…….പീ…..പീ…….പീ‘ മോനെ, ഇതു നിന്റെ തറവാടാണോഡാ? ചെരുപ്പഴിച്ചിട്ട് സ്റ്റേഷനില്‍ കയറെഡാ” ….. ഞാന്‍ പയ്യെ ചെരുപ്പൊക്കെ ഊരി കയറി. (ബുഹഹഹഹഹ)

അവിടെ ചെന്നപ്പോള്‍ ഒരുത്തനെ കുനിച്ചു നിര്‍ത്തി ഒരു തടിമാടന്‍ പോലീസുകാരന്‍ “ഠപ്പേ! ഠപ്പേ” എന്ന് അടിക്കുന്നു. പറയെടാ..പറയെടാ എന്ന് ആക്രോശിക്കുന്നുമുണ്ട്. (എന്ത് പറയാന്‍ എന്ന് മാത്രം പോലിസുകാരന്‍ പറയുന്നില്ല).

ദൈവമേ! പണി പശുവിന്‍പാലില്‍ തന്നെ കിട്ടിയല്ലോ. അടിയൊക്കെ കൊള്ളുവാന്‍ മുതുകൊക്കെ തയ്യാറാക്കി നമ്മളവിടെ നിന്നു.

ഇരിയെടാ അവിടെ“… മറ്റവനെ അടിച്ചു മടുത്തത് കണ്ടോ ഞങ്ങളുടെ നില്പ് കണ്ട് സഹതാപം തോന്നിയത് കൊണ്ടോ  പൊലീസുകാരന്‍, പുള്ളിക്കാവുന്ന വിധം സ്നേഹത്തോടെ ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ രണ്ടും വെറും നിലത്ത് ഇരുന്നു. എന്റെ സുഹൃത്ത്, ജീന്‍സും ഷര്‍ട്ടുമൊക്കെ ഇട്ട്, ഇന്‍ ചെയ്ത്, CAT-ന്റെ ഷൂസൊക്കെ ഇട്ട് സല്‍മാന്‍ ഖാനെപ്പോലെ കുട്ടപ്പനായും, ഞാന്‍ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ടു മുദ്ര സിനിമയിലെ സുധീഷിനെ പോലെയുമാണിരിക്കുന്നത്. എനിക്ക് അവന്റെയും അവന് എന്റെയും ഞങ്ങള്‍ക്ക് ഞങ്ങളുടെയും അവസ്ഥ കണ്ടിട്ട് ചിരി കലശലായി വരുന്നുണ്ടായിരുന്നെങ്കിലും വിധേയന്‍ സിനിമയില്‍ എം ആര്‍ ഗോപകുമാര്‍ കടത്തിണ്ണയില്‍ ഇരിക്കുന്ന പോലെ യാതൊരു വികാരങ്ങളുമില്ലാതെ ഞങ്ങളവിടെ കൊതുകിനെ ആട്ടി ഓടിച്ചു സ്വയം എന്റര്‍ടെയ്‌ന്‍ ചെയ്തു.

ലോക്കപ്പില്‍ ഒരുത്തന്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് കിടന്നുറങ്ങുന്നത് കണ്ടൂ. ലോക്കപ്പിനു വെളിയില്‍ ഞങ്ങള്‍ക്ക് കൂട്ടായി വേറെ രണ്ട് പേരും കൂടിയുണ്ടായിരുന്നു. ഏതോ ഉല്‍സവത്തിനോ എക്സിബിഷനോ ഒക്കെ തല്ലുണ്ടാക്കിയവനാണൊരുവന്‍, മറ്റവന്‍ ഏതോ കുത്തു കേസിലെ പ്രതിയും.

എന്തെങ്കിലും പറഞ്ഞ് ഇപ്പൊ പുറത്ത് കടന്നാല്‍, പത്തിരുപത് മിനിട്ടിനുള്ളില്‍ ഒരു സൂപ്പര്‍ഫാസ്റ്റ് പിടിച്ച്, വീട്ടുകാര്‍ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ വീട്ടിലെത്താം എന്നൊക്കെ വിചാരിച്ച് ഞാന്‍ അവിടെ നിന്ന ഏമ്മാന്റെ അടുത്ത് ചെന്നു. കിട്ടിയാല്‍ വീട്ടില്‍, ഇല്ലേലും നാളെ എങ്കിലും വീട്ടിലെത്തില്ലേ.

സര്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍, ഇപ്പോള്‍ പോയാല്‍ വീട്ടിലെത്താമായിരുന്നു. വീട്ടിലെത്തിയിട്ട് വേണം സാര്‍ നാളത്തെ എക്സാമിന് പഠിക്കുവാന്‍. ദയവായി പോകുവാന്‍ അനുവദിക്കുക. ഞങ്ങളെ പോലെ ഇത്രേം ഡീസന്റായ കുട്ടികളെ കിട്ടണേല്‍ തപസ്സിരിക്കണം – എന്നൊക്കെ ഗദ്ഗദ കണ്ഠേന ഞാനറിയിച്ചു.

അദ്ഭുതമെന്ന് പറയട്ടെ, തികച്ചും മാന്യനായ ആ പൊലീസുകാരന്‍ എന്നെ മലയാളം വ്യാകരണം പഠിപ്പിക്കുവാന്‍ ഒരുമ്പെട്ടില്ല. വളരെ മാന്യമായും സ്നേഹത്തോടും അദ്ദേഹം പറഞ്ഞു “എനിക്കായിട്ട് നിങ്ങളെ വിടുവാന്‍ പറ്റില്ല, എസ്സ് ഐ ആണ് നിങ്ങളെ കൊണ്ട് വന്നത്, നാളെ ഏഴു മണിക്ക് അങ്ങേര് വരും, അപ്പോള്‍ പോകാം, വേണമെങ്കില്‍ വീട്ടിലേക്ക് വിളിച്ച് പറഞ്ഞേക്കൂ

സര്‍ക്കാര്‍ സ്ഥാപനമല്ലേ, ഫോണ്‍ വെറും ഒരു അലങ്കാരം മാത്രമായിരുന്നു അവിടെയും. അന്നൊക്കെ മൊബൈല്‍ ഫോണും അത്ര പ്രചാരത്തിലില്ല.

നിരാശനായി ഞാന്‍ തിരികെ പോയി പഴയ സ്ഥലത്ത് ഇരുന്നു. ഒരു നാല് മണി ആയപ്പൊഴെക്കും എങ്ങനെയോ ഉറക്കം പിടിച്ചു. ഒരാറ് മണി ആയപ്പോള്‍ ഒരു സ്പോടന ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. തൊട്ടടുത്തു തന്നെയുള്ള പുതിയകാവ് ക്ഷേത്രത്തില്‍ വെടി വഴിപാട് നടത്തുന്നതിന്റെ ആയിരുന്നു ആ ശബ്ദം. ഏഴ് മണിയാകുവാന്‍ ഇനിയുമുണ്ട് ഒരു മണിക്കൂര്‍ വീണ്ടും, ക്ലോക്ക് സൂചിയുടെ സൂക്ഷ്മ ചലനങ്ങള്‍ നിരീക്ഷിക്കുവാന്‍ തുടങ്ങി.

അതിനിടെയാണ് മറ്റൊരു വെല്ലുവിളി. എങ്ങനെ ഈ സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കൂം. പുറത്തിറങ്ങുന്നത് നേരെ NH-47ലെക്കാണ്. ആ സമയത്ത് പരിചയമുള്ള ആരെങ്കിലും പിന്നെ നാണക്കേടായി. ഭാവിയിലൊരുപക്ഷെ എനിക്ക് വിവാഹാലോചനകള്‍ വരുന്ന സമയത്ത് “ചെറുക്കന്‍ ഒരിക്കല്‍ സ്റ്റേഷനില്‍ കയറിയിട്ടുണ്ടത്രെ” എന്നൊക്കെ പെണ്ണ് വീട്ടുകാര്‍ അറിഞ്ഞാല്‍ വിവാഹക്കമ്പോളത്തില്‍ ഡിമാന്‍ഡിടിയാനതുമതി. ഈ എസ് ഐ മാമനൊന്ന് വന്ന് കിട്ടിയിരുന്നെങ്കില്‍… സമയം ഏഴ് കഴിഞ്ഞ് എട്ടാകുന്നു!!! ഇനിയിപ്പോ സ്റ്റേഷന്റെ മുന്നില്‍ കൂടി പോകാതെ പിന്നിലെ വഴിയില്‍ കൂടി പ്രണവം തീയറ്ററിന്റെ മുന്നിലിറങ്ങാം. അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു പോയാല്‍ ഒറ്റക്കുഞ്ഞറിയില്ല. മനസ്സില്‍ കണക്ക് കൂട്ടലുകള്‍ മുറുകുകയാണ്.

ഈ സമയത്ത് ലോകത്തിന്റെ മറ്റൊരു കോണില്‍ നടന്ന വിശേഷങ്ങള്‍. വീട്ടിലാണെങ്കില്‍ എന്റെ അമ്മ പതിവു് പോലെ എന്റെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് ചോദിക്കുക ആയിരുന്നു. സുഹൃത്തിന്റെ വീട്ടിലും അങ്ങനെ തന്നെ. എങ്ങനെയൊക്കെയോ സുഹൃത്തിന്റെ വീട്ടുകാര്‍ കാര്യങ്ങളൊക്കെ കറക്ടായി guess ചെയ്ത് സ്റ്റേഷനില്‍ തന്നെ ലാന്‍ഡ് ചെയ്തു. അതിനിടയ്ക്ക്, വിവരമറിഞ്ഞ് ഞങ്ങളുടെ സുഹൃത്തുക്കളും, പോലിസ് സ്റ്റേഷനില്‍ വന്നിരുന്നു.

ഏതാണ്ടൊരു എട്ടര ആയപ്പോള്‍ എസ് ഐ വന്നു, ഞങ്ങള്‍ക്ക് പോകുവാനുള്ള അനുമതി തന്നു. എന്തിനാണ് അകത്തിട്ടത് എന്നതിന് കാരണവും പറഞ്ഞു “പുറത്തെ കാലം മോശമാ, ഈ സമയത്ത് വഴിയില്‍ നില്‍ക്കുന്ന ആരെക്കണ്ടാലും പിടിച്ചകത്തിടാറുണ്ട് “

അങ്ങനെ സുഹൃത്തിന്റെ കാറില്‍, ടോപ്പിയുടെ വീട്ടില്‍ ചെന്ന് എന്റെ ഭാണ്ഡക്കെട്ടുമെടുത്ത് എന്റെ വീട്ടില്‍ എത്തി. അമ്മ സ്കൂളില്‍ പോകാന്‍ തയ്യറെടുക്കുകയായിരുന്നു. എന്നെ കണ്ട പാടെ അമ്മ ചോദിച്ചു “ഇന്നലെ എന്റെ മോന്‍ എവിടെ ആയിരുന്നു, കണ്ടില്ലല്ലോ”…….

അമ്മേ…..et tu Brute

എന്തായാലൂം ഇക്കഥ ഇവിടെ തീരുന്നു. പിന്നെ എവിടെ പോലീസിനെ കണ്ടാലും ഉള്ളിലൊരു പിടച്ചിലാണ്. ബുള്ളറ്റിന്റെ ശബ്ദമോ, ജീപ്പിന്റെ ശബ്ദമോ ഒക്കെ എനിക്കൊരു ഫോബിയ ആയി മാറി. ഈ സംഭവത്തിനു ശേഷം വൈകുന്നേരം കറക്ട് ആറു മണിക്ക് തന്നെ വീട്ടില്‍ വന്ന് കാര്‍ഡ് പഞ്ച് ചെയ്യുന്ന ശീലം തുടങ്ങി.

ശ്രദ്ധിക്കുക: പീ….പീ….പീ….പീ‘ എന്നെഴുതിയിരിക്കുന്ന ഭാഗങ്ങള്‍ മലയാള ഭാഷയില്‍ ഇന്ന് പ്രചാരമേറിക്കൊണ്ടിരിക്കുന്ന ചില പദങ്ങളാണ്. അതിവിടെ എഴുതിയാല്‍, എന്നെ വീട്ടില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുമെന്നതിനാലും, ഒരു പോലീസുകാരിയെ അല്ലാതെ വേറെയാരെയും കല്യാണം കഴിക്കുവാന്‍ കിട്ടില്ല എന്നതിനാലും ഞാന്‍ ‘പീ…പീ…പീ…പീ‘ അടിച്ചു വിടുന്നു. ആ ഭാഗങ്ങളില്‍, വായനക്കാര്‍ സ്വന്തം ഭാവനയ്ക്കും കഴിവിനും അറിവിനുമൊക്കെ അനുസരിച്ച് എന്ത് എഴുതിയാലും ആ പോലീസുകാരന്മാര്‍ പറഞ്ഞതിന്റെ ഏഴയലത്ത് എത്തില്ല.

Original Published at: ഞാന്‍…

എഴുതിയത്: പ്രതീഷ് പ്രകാശ്, MS Scholar, IIT Madras

Leave a comment

Filed under ലേഖനം

മഴ

ന്നെത്തി നീ, ഒരു വരദാനം പോലെ
ഭൂമീ ദേവിതന്‍ വ്രത ഭംഗിതയായ്
ധരണിതന്‍ നിവാസികളാം ജീവജന്തുക്കള്‍ക്ക്
കൊടും വേനലില്‍ ഒരാശ്വാസമായ്

ഒരു യാഗാന്ത്യത്തിന്‍ സാഫല്യമോ നീ?
അതോ പൈങ്കിളി കഥതന്‍ മേഘാശ്രുവോ?
ഐരാവതത്തിന്‍ ചീറ്റലെന്ന ഐതിഹ്യമോ?
അതോ നവയുഗസിദ്ധാന്തത്തിന്‍ ശാസ്ത്രീയ പരിണാമമോ?

ക്ഷോഭിക്കുന്ന മാനവും, മണ്ഡൂക രോദനവും
വാകമരത്തോടു കിടപിടിക്കുന്ന കാറ്റും
നിന്‍സന്തത സഞ്ചാരികളാം മേഘഗര്‍ജ്ജനവും കൊള്ളിയാനുമൊക്കെ
അറിയിക്കുന്നു നിന്‍ സംപൂജ്യാഗമനം

നിന്‍ ആഗമനത്താല്‍ പുളകമണിയുന്നു ഭൂമി
സന്തോഷത്താല്‍ നൃത്തമാടീടുന്നു പക്ഷിമൃഗാദികള്‍
വിടര്‍ന്ന മൂകത്താല്‍ പുഞ്ചിരിച്ചീടുന്നു പൂക്കള്‍
ഉത്സവത്തിമിര്‍പ്പിന്റെ ലഹരിയാലെന്ന പോലെ പ്രപഞ്ചം

ഒടുവില്‍ ആരും ക്ഷണിക്കാതെ എങ്ങു നിന്നോ വന്നെത്തിയ നീ
സര്‍വ്വര്‍ക്കും മംഗളവും ഐശ്വര്യവും നേര്‍ന്നുകൊണ്ട്
വീണ്ടും വരും എന്ന സന്ദേശവും നല്‍കി
അനന്തതയിലേക്കെങ്ങോ മറയുന്നു മായുന്നു.

എഴുതിയത്: മനോജ്, PhD scholar, IIT Madras.

Leave a comment

Filed under കവിത

കാല്പനികതയുടെ നഷ്ടബോധം

വെള്ളിയാഴ്ച വൈകിട്ട് ഞാന്‍ വേളാങ്കണ്ണിക്ക് പോകാന്‍ ബസില്‍ ഇരിക്കുമ്പോളാണ് യാഹ്യാ തന്ന “ബാല്യകാല സഖിയെ” പറ്റി ഓര്‍ത്തതു്. അപ്പോള്‍ തന്നെ ബേപ്പൂര്‍ സുല്‍ത്താന്റെ ആ മാന്ത്രിക സ്പര്‍ശം ഉള്ള ആ നോവല്‍ ഞാന്‍ വായിച്ചു. ആ സുന്ദര കാവ്യം എന്നെ കുറേയേറെ ചിന്തിക്കുവാനും പ്രേരിപ്പിച്ചു. ആ ചിന്തകളുടെ പ്രതിഫലനം ആണു ഈ പോസ്റ്റ്.

നമ്മളിലെ കാല്പനികത… നഷ്ടപ്പെടുകയാണോ?… ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നാം നാമല്ലാതെ ആയിപ്പോവുന്നു… “പരിശുദ്ധമായ ഒരു ഗ്രാമം ആമ്പല്‍ക്കുളങ്ങളും മുക്കുറ്റിപ്പൂക്കളും കാത്തിരിക്കാന്‍ ഒരു അമ്മിണിക്കുട്ടിയും” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഭാഷണമാണിത്. ഈ വാക്കുകള്‍ ഒരു വിലാപമാണ്. നഷ്ടപ്രണയത്തിന്റെ, അല്ലെങ്കില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആ ഗ്രാമീണ സൗന്ദര്യത്തിന്റെ …

എങ്ങനെയാണു നമ്മള്‍ മലയാളികള്‍, ശ്യാമ സുന്ദരകേര കേദാര ഭൂമിയില്‍ നിന്നും “എനിക്ക് മലയാലം കൊരച്ചു കൊരച്ചു അരിയാം“… എന്ന രീതിയിലേക്ക് അധഃപതിച്ചു പോയതു്. ആശാന്റെയും, ഉള്ളൂരിന്റെയും കാലത്തു നിന്നു നമ്മള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ കാലം വരെ ശരിയായ ദിശയില്‍ യാത്ര ചെയ്തു പിന്നെ എവിടെയാണു് പിഴച്ചത്…

തുമ്പപ്പൂവിന്റെ ശാലീനതയും തുളസിക്കതിരിന്റെ പരിശുദ്ധിയും മുല്ലപ്പൂവിന്റെ സുഗന്ധവും തളിര്‍വെറ്റിലയും പുലരിയിലെ കുയില്‍ ഗാനവും പുഴയിലെ പരല്‍ മീനെയും ഒക്കെ ഇനി എന്നാണ് നമ്മള്‍ക്ക് കാണാനും ആസ്വദിക്കാനും പറ്റുക. ഇനി നമ്മുടെയൊക്കെ അടുത്ത തലമുറ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ എന്താണെന്നു തന്നെ അവര്‍ക്ക് അറിയില്ലായിരിക്കും.

ഇനി എന്നെ ആകര്‍ഷിച്ച ആ കാല്പനികതയിലേക്ക് വരാം – മജീദിന്റെയും സുഹറയുടെയും പ്രണയം… ഒരു വേദനയാണെങ്കില്‍ കൂടി അത് ഒരു സുഖമുള്ള വേദന ആയിട്ടാണ് എനിക്ക് തോന്നിയത്. ഗ്രാമീണതയുടെ സൗന്ദര്യവും പരിശുദ്ധിയും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ഒരു ബന്ധമാണ് അവരുടേത്. അതു പോലൊരു പ്രണയം നമുക്ക് എന്നെങ്കിലും ഉണ്ടാവുമോ. ഇല്ലാ എന്നാണ് എനിക്കു തോന്നുന്നത്… അതൊക്കെ ഒരിക്കലും ‘പ്രാക്റ്റിക്കല്‍’ അല്ലെല്ലോ ഇക്കാലത്ത്…അല്ലേ?

എനിക്ക് അറിയാവുന്ന ഒരേട്ടന്‍.. പേര് പറയുന്നില്ല. ആളൊരു അച്ചായന്‍ ആണു. ഒരു നായര്‍കുട്ടിയെ സ്നേഹിച്ചു. ഇപ്പോള്‍ എല്ലാം പ്രശ്നമായിക്കഴിഞ്ഞു. അവര്‍ പിരിയുവാന്‍ പോവുകയാണ്, ‘പ്രാക്റ്റിക്കല്‍‘ അല്ലാത്തത് കൊണ്ട്. എനിക്ക് മനസ്സിലാകാത്തത് എന്നാണു മലയാളിക്കു ഈ ‘പ്രാക്റ്റിക്കല്‍‘ എന്ന വാക്കിനോട് ഇത്ര പ്രേമം പിടിച്ചത് എന്നാണു. ഈ ഓട്ടപ്പാച്ചിലിനിടയില്‍ നമ്മള്‍ നമ്മെ തന്നെ മറന്നു പോവുന്നു; ബന്ധങ്ങളെ മറക്കുന്നു; പ്രണയം, പോട്ടെ സ്വന്തം മാതാപിതാക്കളെ തന്നെ നോക്കുവാന്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഏല്‍പ്പിക്കുന്നവരുടെ കാലമാണെല്ലൊ ഇത്.

എന്നെങ്കിലും നമ്മള്‍ക്ക് ആ നന്മകള്‍ നിറഞ്ഞ നാട്ടിന്പുറം തിരികെ കിട്ടുമോ? അമ്പലക്കുളങ്ങളും, നാലുകെട്ടുകളും, നാളികേരത്തിന്റെ ആ നാടെന്ന ഖ്യാതിയും, കുളിച്ചു ഈറനോടെ പുളിയിലക്കര മുണ്ടുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഗ്രാമീണ പെണ്‍കൊടികളും ഒക്കെ (അവസാനം പറഞ്ഞതു കേട്ട് തെറ്റിദ്ധരിക്കണ്ടാ, ഞാന്‍ അങ്ങനെ കാണുന്ന കുട്ടികളുടെ ഐശ്വയ്മാണ് ഉദ്ദേശിച്ചത്) ബേപ്പൂര്‍ സുല്‍ത്താന്റെയും എം. ടി. യുടെയും മറ്റും നോവലുകളില്‍ കാണുന്ന ആ ഗ്രാമം, അങ്ങനെ ഒരു ഗ്രാമത്തിനായി ഞാന്‍ കേഴുകെയാണു ഒരു വേഴാമ്പലിനെപോലെ…

ലേഖകന്‍: ഫൈസല്‍ ജെയിംസ്, 3rd MA, IIT Madras.

Originally posted at: സ്വപ്നം

Leave a comment

Filed under ലേഖനം

അമ്മയോടുത്തുള്ള ഓണം

പോകയാണമ്മേ! എന്നുറക്കെ കരഞ്ഞുകൊണ്ട്
പെറ്റുവീണയാ നിമിഷത്തെ എനിക്കോര്‍മ്മയില്ല.

ഒരു പൈതലായ് നിന്‍ മാറില്‍ ഞാന്‍
പറ്റിക്കിടന്നിരുന്നുവോ, ആവോ!

നിന്‍ തഴുകലിനായ് “തലയില്‍ പേനാണമ്മേ”
എന്ന് കളവു് പറഞ്ഞുകൊണ്ട്
മടിയില്‍ തല ചായ്ച്ച് കിടന്നതോര്‍ക്കുന്നു.

വരികളില്ലാത്തൊരു മൂളലായ്
ഞാന്‍ പതിയെ മാറുന്നു
അത് മാത്രം, പിന്നെ നീണ്ട സുഷുപ്തി!

ഉറക്കമുണര്‍ന്നു ഞാനീ ഹൃദയമില്ലാ ലോകത്തില്‍
പൊയ്മുഖങ്ങള്‍ മാറി മാറിയണിഞ്ഞാടി,
നിന്‍ മുലപ്പാലിന്‍ മാനം പോലും കാക്കാതെ.


ചേക്കേറുവാന്‍ വീടുകളന്വേഷിച്ചു നടക്കുന്ന,
പുലര്‍കാലത്തെ കോടമഞ്ഞു പോലെ,
താവളങ്ങള്‍ തേടി ഞാനലഞ്ഞു.

വാകമരങ്ങലുടെ ചുവന്ന നിഷേധവും,
പ്രണയനീലിമയുടെ സര്‍പ്പദംശനവും,
ശവം നാറികളുടെ കടുത്ത നാറ്റവും,
ഏറ്റു ഞാനാകെമാറിയിരിക്കുന്നു.

എനിക്ക് തിരിച്ചു വരണം!

ഇനിയും വൈകിയിട്ടില്ലെന്ന് തോന്നുന്നു,
നിന്‍ മടിയില്‍ തല ചായ്ച്ചുറങ്ങിയ ആ കുട്ടിയാവണം.

വരുന്ന ഓണത്തിനു വരുന്നുണ്ട് ഞാനമ്മേ
ഒന്നിനുമായില്ലെങ്കിലും, ഓര്‍മ്മകള്‍ പുതുക്കുവാനെങ്കിലും!

Originally posted at: സര്‍ഗ്ഗം

എഴുതിയത്: അനില്‍ ചോര്‍പ്പത്ത്, MS Scholar, IIT Madras.

2 Comments

Filed under കവിത